Kerala
ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവതി കാണാതായെന്ന് പരാതി. ഡബ്ലിനിലെ ചെറിവുഡിൽ താമസിക്കുന്ന അശ്വതി രാജശേഖരനെ(26)യാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
ഡബ്ലിൻ ഹെയ്സ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് അശ്വതി. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വർക്കുമായി ബന്ധപ്പെട്ട് അശ്വതിക്ക് ലെറ്റര്‍കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ശനിയാഴ്ച ലെറ്റർ കെന്നിയിലേക്ക് പോകേണ്ടതായിരുന്നു.
വെള്ളിയാഴ്ച ജോലിക്ക് ശേഷം താമസ സ്ഥലത്ത് എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.
അതേസമയം, യുവതിക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ബ്രെ കടൽത്തീരത്തിനടുത്തായി ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇത് അശ്വതിയുടെ മൃതദേഹമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി.
NRI
ഡബ്ലിൻ: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ - അയർലൻഡ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
സിപിഎം സാർവദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി), പ്രവാസി കേരള കോൺഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയർലൻഡ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐഡബ്ല്യുഎ) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്.
യുകെയിലെയും അയർലൻഡിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും ജിജോ അരയത്ത്, എ.കെ. ഷിനിത്ത് എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, നവീൻ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ സർവ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്:
ഇടതുപക്ഷ സർക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിൻ രാജു, ബിനോജ് ജോൺ, മാന്വൽ മാത്യു, ടോമിച്ചൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും
വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
Sports
കൊളംബോ: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 20 റണ്‍സിന്റെ ജയമാണ് ലങ്ക സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക 163/6 അയര്‍ലന്‍ഡ് 143 (19.5).
164 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെ (ആറ്) അവർക്ക് നഷ്ടമായി. പിന്നാലെ റോസ് അഡൈര്‍ (34), ഹാരി ടെക്റ്റര്‍ (40), ലോര്‍കന്‍ ടക്കര്‍ (21) എന്നിവര്‍ അല്പനേരം പിടിച്ചുനിന്നു.
എന്നാല്‍ ടീമിനെ ജയിപ്പിക്കാൻ ഇത് മതിയായിരുന്നില്ല. ലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്.
കുശാല്‍ മെന്‍ഡിസ് (43 പന്തില്‍ 56), കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അയര്‍ലന്‍ഡിന് വേണ്ടി ജോര്‍ജ് ഡോക്ക്റെല്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അയർലൻഡിന് 164 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറുവിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്.
56 റൺസ് നേടിയ കുശാൽ മെൻഡിസാണ് അവരുടെ ടോപ് സ്കോറർ. കമിന്ദു മെൻഡിസ് (44) മികച്ച പ്രകടനം പുറത്തെടുത്തു. അയർലൻഡിനായി ബാരി മക്കാർത്തി, ജോർജ് ഡോക്രെൽ എന്നിവർ രണ്ടും മാർക്ക് അഡയറും ഗാരെത് ഡെലാനിയും ഓരോ വിക്കറ്റ് വീതം നേടി.
NRI
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞദിവസം പെട്ടന്നുണ്ടായ ശക്തമായ കാറ്റിന്റെയും മഴയുടെയും തുടർച്ചയെന്നോണം വ്യാഴാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
തലസ്ഥാന നഗരമായ ഡബ്ലിൻ, വിക്ലോ, കിൽകെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കാർലോ തുടങ്ങിയ കൗണ്ടികളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ചൊവ്വാഴ്ച രാജ്യത്തുടനീളം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജനജീവിതം ഏറെ ദുസഹമായിരുന്നു. മോട്ടോർവേയിൽ അടക്കം വെള്ളം കയറിയതിനാൽ ഗതാഗത തടസമുണ്ടായി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കര നാവിക വ്യോമ ഗതാഗതം താറുമാറായിരുന്നു. കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇതിന്റെ തുടർച്ചയെന്നോണം വീണ്ടും എത്തുന്ന മഴ മുന്നറിയിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ - ഒരുക്കം 2026 ഫെബ്രുവരി, മേയ്, ജൂൺ, നവംബർ മാസങ്ങളിൽ നടക്കും.
ഈ വർഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനിൽ വച്ചാണ് നടത്തപ്പെടുന്നത്.
ദിവസവും രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
അടുത്ത കോഴ്സ് ഫെബ്രുവരി 13, 14, 15 തീയതികളിലായിരിക്കും. നിലവിൽ ഏതാനും സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. കൂടാതെ, മേയ് 23, 24, 25, ജൂൺ 26, 27, 28, നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന കോഴ്സുകളിലേക്കും ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
ഡബ്ലിൻ സീറോമലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സീറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിശദവിവരങ്ങൾ അയർലൻഡ് സീറോമലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കൽ - +353 894 884 733, ആൽഫി ബിനു - +353 87 767 8365, ലിജി ലിജോ - +353 86 303 4930.
NRI
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ മലയാളിയായ വട്ടപ്പറമ്പിൽ ജെയിംസ് ജോസഫ് (48) അന്തരിച്ചു. സംസ്കാരം പിന്നീട്.
കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. ഡബ്ലിൻ ലൂക്കനിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയും ആറു മക്കളും ഉണ്ട്.
NRI
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ ഉണ്ടായ കാറപകടത്തിൽ മരിച്ച മലയാളി യുവാവ് ജോയിസ് തോമസിന്റെ (33) പൊതുദർശനം ചൊവ്വാഴ്ച നടക്കും.
വൈകുന്നേരം 4.30 മുതൽ ഏഴ് വരെ ഫെർമോയിലെ റൊണായിൻസ് ഫുണറൽ ഹോമിലാണ് പൊതുദർശനം.
ഇടുക്കി കമ്പംമേട് വിലങ്ങു പാറയിൽ ജോയിസ് തോമസ് സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി റോഡിൽ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു.
ജോലിസ്ഥലമായ നഴ്സിംഗ് ഹോമിൽ നിന്നും മടങ്ങുമ്പോൾ ആയിരുന്നു അപകടം. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യയും രണ്ടു മക്കളും ഉണ്ട്.
NRI
ഡബ്ലിൻ: അയർലൻഡിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഇൻഫ്ലുവൻസ രോഗം പടരുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ അയർലൻഡ് ഏറ്റവും അധികം ഇൻഫ്ലുവൻസ ബാധിതരുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
രാജ്യത്ത് രോഗലക്ഷണങ്ങളോടെ പരിശോധന നടത്തുന്നവരിൽ ഇൻഫ്ലുവൻസയുടെ പോസിറ്റീവ് നിരക്ക് 50 ശതമാനമാണ്. അയൽ രാജ്യമായ യുകെയിലെ സ്ഥിതിയും വിഭിന്നമല്ല.
ഫ്ലൂവിനെതിരേയുള്ള വാക്സിൻ എടുക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി രോഗികൾ മാസ്ക് ധരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് സാധാരണഗതിയിൽ ഫ്ലൂ വ്യാപനം കൂടാറാണ് പതിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഈ വർഷം ഫ്ലൂവിനെതിരെ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മിക്ക ആശുപത്രികളിലും ഫ്ലൂബാധികളുടെ എണ്ണം ഏറുകയാണ്.
NRI
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം "ആർട്ടിസ്റ്റ്' ഈ മാസം 21ന് രാത്രി ഏഴിന് ഡബ്ലിൻ സൈന്റോളജി കമ്യൂണിറ്റി സെന്ററിൽ അരങ്ങേറും.
മികച്ച അഭിനയമുഹൂർത്തങ്ങളും ഗാനരംഗങ്ങളും നൃത്തങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും "ആർട്ടിസ്റ്റ്'. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന നാടകമാണ് "ആർട്ടിസ്റ്റ്'.
"ഇസബെൽ', "ലോസ്റ്റ് വില്ല', "ഒരുദേശം നുണ പറയുന്നു', "പ്രളയം' തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ ഡബ്ലിൻ തപസ്യയുടെ ഈ കലാസൃഷ്ടിക്കായി അയർലൻഡിലെ നാടകാസ്വാദകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്
പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിൻസ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളിൽ, സ്മിത അലക്സ്, രശ്മി രവീന്ദ്രനാഥ്, വിനോദ് മാത്യു, ജോൺ മാത്യു, ജോസ് ജോൺ, റോളി ചാക്കോ, ജിസ്ന ബാസ്റ്റിൻ, ബിന്നെറ്റ് ഷിൻസ്, മാർട്ടിൻ പുലിക്കുന്നേൽ, ലിൻസ് ഡെന്നി, ഐറിൻ ടോണി, ഇവാൻ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ രംഗത്ത്.
സലിൻ ശ്രീനിവാസ് രചിച്ച ആർട്ടിസ്റ്റിന്റെ സംഗീതം സിംസൺ ജോൺ, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കർ എന്നിവരും ഈ നാടകത്തിന്റെ സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ഈ പ്രദർശനം അയർലൻഡിലെ കലാസ്നേഹികളെ ഒരുമിപ്പിക്കുന്ന ഒരു സായാഹ്നമായി മാറും.
NRI
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളിയായ ബിജു വറവുങ്കലിന്റെ (53) പൊതുദർശനം ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഏഴ് വരെ എന്നീസ്കോർത്തി ബ്രൗൺസ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം.
സംസ്കാരം പിന്നീട് സ്വദേശത്ത് നടക്കും. പാലാ ഭരണങ്ങാനം സ്വദേശിയായ ബിജു വറവുങ്കൽ വെക്സ് ഫോർഡ് എന്നിസ്കോർത്തി ഹോളി ഗ്രിൽ റസ്റ്റോറന്റ് ഉടമയായിരുന്നു.
ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ, അർച്ചന.
NRI
ഡബ്ലിൻ: അയർലൻഡിനെ പ്രതിനിധീകരിച്ച് പനാമയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ ടീം അംഗങ്ങൾക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മലയാളികൾ അടങ്ങുന്ന ആറംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
200 ഓളം രാജ്യങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ഗെയിമായ ഇക്കോ ഇക്വിലിബ്രിയം മത്സരത്തിൽ ഐറീഷ് ടീം മികച്ച പ്രകടനവുമായി എട്ടാം സ്ഥാനത്ത് എത്തി. അമേരിക്കയിലെ പനാമയിൽ നടന്ന മത്സരത്തിൽ മലയാളികളായ ജോയൽ ഇമ്മാനുവൽ, അമൽ രാജേഷ് എന്നിവർ അടങ്ങുന്ന ടീമാണ് മികച്ച വിജയം കൊയ്തത്.
എലിയേറ്റ് മോറീസ്, ഡിജെ മോളൻ, സഹസ് ഷാവന്ത്, ഒലീവിയ ക്ലിയറി എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങൾ. ഒളിമ്പിക്സ് രീതിയിലുള്ള അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരമാണിത്. ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒരു റോബോട്ട് നിർമിക്കുകയും പ്രോഗ്രാം ചെയ്യുകയും ആണ് വേണ്ടത്.
NRI
ഡബ്ലിന്‍: ഡബ്ലിനില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്തിന്റെ മാതാവും കുടിയാന്മല പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ജോസഫ് മേച്ചിറാകത്തിന്റെ (പാപ്പച്ചന്) ഭാര്യയുമായ മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ്(83) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിക്കും. പരിയാരം മദര്‍ തെരേസ ദേവാലയത്തിലെ സമാപന ശുശ്രൂഷകള്‍ക്ക് ശേഷം സംസ്കാരം തളിപ്പറമ്പ് സെന്റ് മേരീസ് ഇടവക സെമിത്തേരിയില്‍ നടത്തപ്പെടും.
മടപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ബേബി (പരിയാരം), എല്‍സി (രത്നഗിരി), ബാബു (പരിയാരം), സണ്ണി (പയ്യന്നൂര്‍), ബിജു (പയ്യന്നൂര്‍), ബിന്ദു (അയര്‍ലൻഡ്), ജയ്സ് (പരിയാരം) ഫാ. രാജേഷ് (അയര്‍ലൻഡ് - തലശേരി അതിരൂപത).
മരുമക്കള്‍: ജോളി പേഴുംകാട്ടില്‍, ആന്റണി പൂവേലില്‍, ഷാന്റി കാഞ്ഞിരത്തിങ്കല്‍, ഷീജ ഞള്ളിമാക്കല്‍, ടീമ മഞ്ഞപ്പള്ളിക്കുന്നേല്‍, ജോണ്സണ് തയ്യില്‍, ഷെര്‍ലി മെന്ഡോണ്സ.